2025 ജനുവരി 19, ഞായറാഴ്‌ച

വിശ്വവിക്യാത പോത്ത്‌ കറി!!


ഈയ്യൊരു പോത്ത്‌ കറിയുണ്ടാക്കാനുള്ള ഒന്നാമത്തെ കടമ്പയെന്താന്ന് വെച്ചാൽ! താഴെ പറയുന്ന കാര്യങ്ങൾ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ കടുക്‌ മണിക്ക്‌ തെറ്റിയാൽ, ഞമ്മളും പോത്ത്‌ കറിയും തവിട്‌ പൊടി, മാത്രല്ല വേറെ ഏതോ ചങ്ങായിന്റെ ടേസ്റ്റ്‌ ആയിപ്പോവും ചെയ്യും!! പിന്നെ പറഞ്ഞില്ലാന്ന് വേണ്ട!!


ഇനി കാര്യത്തിലേക്ക്‌ കടക്കാം!!


തെങ്ങിന്‌ കെട്ടിയിട്ട പോത്തിനെ ഓടിചിട്ട്‌ പിടിച്ച്‌ അറുക്കണം! അങ്ങനെ അറുത്ത പോത്തിന്റെ വാരിയെല്ലിന്റെ അകത്തെ ഇറച്ചിയും (അവുത്തെറിച്ചി എന്ന് പറയും), പിന്നെ കഴുത്തിന്റെ ഇറച്ചിയും വാങ്ങണം, ഇത്‌ മാത്രമേ പറ്റൂ!! പറ്റൂ!! പറ്റൂ!! (ദുഫായ്ക്കാർക്ക്‌ അങ്ങ്‌ 'ഹത്തയിൽ' നിന്ന് കിട്ടും!)


പറ്റ്വാച്ചാ ബാസ്കിൻ റൊബിൻസിൽ പോയിട്ട്‌ ഒരു സ്കൂപ്പ്‌ ഐസ്ക്രീം കപ്പിൽ വാങ്ങി തിന്നണം, എന്നിട്ട്‌ അത്‌ കോരി തിന്നാൻ തന്ന ആ പിങ്ക്‌ കളർ സ്പൂണില്ലേ? അത്‌ പൊരക്കേക്ക്‌ എട്ക്കണം.......ഐസ്ക്രീം വേണ്ടങ്കിൽ അവിടെ പോയിട്ട്‌ ആ സ്പൂണ്‌ ഒന്ന് ഇസ്കിയാലും മതി!!!


ഇനി നമ്മക്ക്‌ പടച്ചോനേയ്‌!!!!! ഇങ്ങള്‌ കാത്തോളീ!!!! എന്നും പറഞ്ഞ്‌ അടുക്കളേൽ കേറാം!!


ഒരീലോ അവുത്തെറച്ചി കഴുകി വൃത്തിയാക്കി വെച്ചേക്കാം,

പിന്നെന്താപ്പാ....ങാ!!....മാന്യമായ്‌ വളർന്ന് വലുതായ രണ്ട്‌ സവാള ഗിരി ഗിരി, പിന്നെ അതേ വലുപ്പത്തിലുള്ള ചുവന്ന് തുട്ത്ത രണ്ട്‌ തക്കാളി, ബെളുത്ത്‌ പാറുന്ന ഉള്ളി ഒരു കൂട്‌, അയിന്‌ കണക്കായിറ്റ്‌ മണ്ണ്‌ പൊടി തട്ടിയെടുത്ത ഇഞ്ചി, പിന്ന കളറൊപ്പിക്കാൻ ആറ്‌ പച്ച മുളക്‌.


മാനം മര്യാദ നോക്കാണ്ട്‌ സവാളന്റെം വെളുത്തുള്ളിന്റെം ഇഞ്ചിന്റെം തൊലിയുരിയണം!!

തക്കാളിനേം പച്ച മുളകിനേം ഞെട്ടൊടിച്ച്‌ വിട്ടേക്കാം പാവല്ലേ!! 

പിന്നെ എല്ലാത്തിനേം ഒന്ന് കുളിപ്പിച്ചെടുക്കാം


സാവാളയും തക്കാളിയും വളരെ നേർത്ത കനത്തിൽ അരിഞ്ഞ്‌ വേറേ വേറേ വെക്കണം

ഇഞ്ചീനെ വെളുത്തുള്ളീന്റെ അല്ലിന്റെ വലുപ്പത്തിൽ അരിഞ്ഞ്‌ വെക്കണം!


ഇനി ചതച്ച്‌ മെതിക്കൽ, ബല്ലാണ്ട്‌ ചതക്കണ്ട ഒരു നല്ല മൂന്ന് അല്ലെങ്കിൽ നാല്‌ കുത്ത്‌ കുത്തിയാ മതി. ഇങ്ങനെ ചൈയ്താൽ വലിയ കഷണങ്ങൾ കറിയിലുണ്ടാവില്ലേ എന്ന് തോന്നും!! അത്‌ വെറും തോന്നൽ മാത്രമാണ്‌


ആദ്യം പച്ച മുളക്‌ ഓരോന്നായി എടുത്ത്‌ ചതക്കണം, വേറെ മാറ്റി വെച്ചോളൂ


പിന്ന ഇഞ്ചി ഓരോ കഷ്ണങ്ങളായി ചതക്കണം, വേറെ മാറ്റി വെച്ചോളൂ


പിന്ന വെളുത്തുള്ളി ഓരോ അല്ലികളായി ചതക്കണം, വേറെ മാറ്റി വെച്ചോളൂ


ഇനി പരിവാടി തുടങ്ങാൻ ആരംഭിക്കുകയാണ്‌......ഇനിയങ്ങോട്ട്‌ നല്ല ക്ഷമ വേണം.......കറിവെക്കാനുള്ള പാത്രം കഴുകി ഉണക്കിയത്‌ അടുപ്പിൽ വെക്കുക, തീ കത്തിച്ചാട്ടേ!! ചെറിയ തീയിൽ സെറ്റാക്കണം


ശ്രദ്ധിക്കുക!!!!! ഇനി കറി ഉണ്ടാക്കി തീരുന്നത്‌ വരെ തീ കൂട്ടാനോ കുറക്കാനോ പാടില്ല!! വാക്കസ്ഥേ!!


പാത്രം ചൂടായാൽ അതിലെക്ക്‌ ശുദ്ധമായ വെളിച്ചെണ്ണ ഒഴിക്കണം. പച്ചമുളക്‌, ഇഞ്ചി വെളുത്തുള്ളി എന്നിവർക്ക്‌ മുങ്ങികുളിക്കാൻ ഉള്ള അത്രേം വേണം! എണ്ണ നല്ലോണം ചൂടാവാൻ കാത്തിരിക്കണം, ഇവന്മാരേ അതിലോട്ട്‌ ഇടുമ്പോൾ... ചിൽ! ചിൽ! ചിൽ! എന്ന് നിലവിളി ശബ്ദ്ധം കേൾക്കണം!!!


തിളച്ച എണ്ണയിലേക്ക്‌ പച്ചമുളകിടുന്നു....ചിൽ!! തവികൊണ്ട്‌ ഒന്നിളക്കുന്നൂ.......അടുത്തതായി ഇഞ്ചി ഇടുന്നു.....ചിൽ!! തവികൊണ്ട്‌ ഒന്നിളക്കുന്നൂ.........ഇനി വെളുത്തുള്ളി ഇടുന്നു.....ചിൽ! തവികൊണ്ട്‌ ഒന്നിളക്കുന്നൂ!!!


ലവന്മാരെ നന്നായി വേവിക്കണം, കാപ്പി പൊടിന്റെ കളറാവുന്ന വരെ വേവിക്കണം, കരിഞ്ഞ്‌ പോകാതിരിക്കാൻ ഇടക്കിടെ തവികൊണ്ട്‌ ഇളക്കിക്കൊണ്ടിരിക്കണം! ഇടക്ക്‌ ക്ഷമ നശിക്കുമ്പോൾ സവാള ഇട്ടേക്കാം എന്ന് തോന്നും ഇടരുത്‌ , കരിഞ്ഞ്‌ പോകാതെ കാപ്പികളറാവുന്ന വരെ കാത്തിരിക്കണം എന്നിട്ട്‌ സവാള ഇടണം......ചിൽ!! കേട്ടാ കേട്ട്‌!!! ഇല്ലേലും സാരൂല്ല......സവാളയുടെ കാര്യവും മേൽ പറഞ്ഞത്‌ തന്നെ പക്ഷേ കടുംകാപ്പി കളറാവണം!! ഇടക്ക്‌ ഇബ്‌ലീസ്‌ വന്ന് ഇടങ്ങാറാക്കും മതി ഇനി തക്കാളി ഇടാം എന്നൊക്കെ മൻസ്സിൽ വരും, പക്ഷേ മനസ്സ്‌ കല്ലാക്കണം! കടുംകാപ്പി കളർ, കരിഞ്ഞ്‌ പോകാതെ......എന്നിട്ട്‌ നമുക്ക്‌ തക്കാളി ഇടാം!!


തക്കാളിന്റെ തുടി തുടിക്കുന്ന ചുവപ്പ്‌ നിറവും നീരും വറ്റി ക്രീം പരുവത്തിലാവുന്ന‌ വരെ വേവിക്കണം!!......ഇനിയാണ്‌ ഐസ്ക്രീം കടയിൽനിന്ന് ഇസ്കികൊണ്ടന്ന സ്പൂണിന്റെ റോൾ!!


മേൽ പറഞ്ഞ പിങ്ക്‌ കളറുള്ള സ്പൂണിന്റെ നാലിലൊരു ഭാഗം അളവിൽ മഞ്ഞൾ പൊടിയെടുത്ത്‌ നമ്മടെ വെന്തുരുകിയ മസാലയിലോട്ടിടണം! പിന്നെ മൂന്ന് നാല്‌ സ്പൂൺ ചുവന്ന മുളക്‌!!! അല്ല മൂന്നാ അതോ നാലാ??!!!.....നാല്‌ ഫിക്സ്‌!!! ങാ നാല്‌ സ്പൂൺ ചുവന്ന മുളക്‌ പൊടി ഇടണം!! മഞ്ഞൾ ഇട്ട അതേ അളവിൽ ഗരം മസാല പൊടി, അതിന്റെ രണ്ടിരട്ടി കുരുമുളക്‌ പൊടി!!!


എല്ലാം തവി കൊണ്ട്‌ നന്നായിട്ടൊന്ന് ഇളക്കി ഇളക്കി മിക്സാക്കണം!


പിന്നെ ഉപ്പ്‌!! അതൊക്കെ ഒരോരുത്തരുടെ ഇഷ്ടല്ലേ? അയിലൊന്നും നമ്മ എടപെടുന്നില്ല.....ഇങ്ങളെ പാങ്ങിന്‌ ഇട്ടോളീ, പക്ഷേ തവികൊണ്ട്‌ ഇളക്കി നന്നായി മിക്സ്‌ ചെയ്യാൻ മറക്കെറ്‌!!!


ഇനി ഇത്‌ കരിഞ്ഞ്‌ പോവാതിരിക്കാൻ ഇടക്കിടെ തവികൊണ്ട്‌ ഇളക്കി ഇളക്കി വേവിക്കണം! കടും ചുവപ്പ്‌ ആണോ കടുംകാപ്പി ആണോ എന്ന് തോന്നുന്ന പരുവത്തിലാവും, ആകെ ഡ്രൈ ആയി മസാല ഒക്കെ കുറഞ്ഞ്‌ പോയോ എന്ന് തോന്നും, അപ്പോഴേക്കും നമ്മളീ പരിവാടി തുടങ്ങിയിട്ട്‌ എകദേശം ഒന്നര രണ്ട്‌ മണിക്കൂർ ആയിക്കാണും!!!!!


ഇനി പോത്തിറച്ചി ഇതിലോട്ട്‌ ഇട്ട്‌ നന്നായി മിക്സ്‌ ചെയ്യാം! ശേഷം 100 ഡിഗ്രീ തിളച്ച വെള്ളം പോത്തിറച്ചിയും മസാലയും കറക്റ്റ്‌ മുങ്ങാൻ പാകത്തിൽ ഒഴിക്കണം............. വെള്ളം ഒഴിച്ചൂന്ന് കരുതി, വെള്ളം നിറഞ്ഞ കറിയായിരിക്കും എന്നു വിചാരിക്കരുത്‌........മനുഷ്യൻ തോറ്റ്‌ ശാസ്ത്രം  ജയിച്ച ഒരു തിയറിയുണ്ട്‌.....വഴിയേ മനസ്സിലാവും! 


അതിന്‌ മേലേ കുറേ കുറേ കറിവേപ്പില ഇടണം!......ഇനി പാത്രം മൂടി വെക്കാം! എന്നിട്ട്‌ ഒരു ഒന്ന്....ഒന്നേകാൽ മണിക്കൂർ പോയി റെസ്റ്റെടുത്തിട്ട്‌ വരാം! ഇതിനിടയിൽ ഒരിക്കൽ പോലും അടപ്പ്‌ തുറന്ന് പോകരുത്‌.


ക്രിംഗ്‌! ക്രിംഗ്‌! സമയായി, ഇനി തുറന്ന് നോക്കാം, ചെറുതായിട്ട്‌ ഒന്നിളക്കി നോക്കാം....വെള്ളം വറ്റിപോയിട്ടുണ്ടെങ്കിൽ 100 ഡിഗ്രീ തിളച്ച വെള്ളം വീണ്ടും ഒഴിച്ചോളൂ (പോത്തിറച്ചിയും മസാലയും കറക്റ്റ്‌ മുങ്ങാൻ പാകത്തിൽ അത്‌ മറക്കണ്ട)


ഇനി ഏകദേശം അര മണിക്കൂർ കഴിഞ്ഞാൽ തുറന്ന് നോക്കാതെ, തീ കെടുത്തിയിട്ട്‌ പാത്രം അടുപ്പിൽ നിന്നും ഇറക്കി വെക്കണം!


ചൂടാറുന്ന വരേയോ അല്ലെങ്കിൽ ഒരു അര മണിക്കൂർ നേരത്തേക്ക്‌ മൂടി തുറന്ന് പോകരുത്‌!! അവിട്‌ കിടന്ന് കുറച്ചൂടെ വേവട്ടെ!!


അങ്ങനെ നാലഞ്ച്‌ മണിക്കൂറിന്‌ ശേഷം, സ്വാദിഷ്ടമായ പോത്ത്‌ കറി തയ്യാർ!!!!


നെയ്ച്ചോറ്‌, മുട്ടപ്പം, കാരപ്പം, ഒറോട്ടി, പത്തിരി, നെയ്പത്തിരി, പൊറോട്ട....ഈ വക ഐറ്റംസ്‌ കൂട്ടിയടിക്കാം


ഓഹ്‌! ഭയങ്കര ടേസ്റ്റ്!‌, ഒരു രക്ഷില്ലാട്ടാ!, അടിപൊളിയായിന്‌ കേട്ടാ!......കഴിക്കുന്നവർ ഇങ്ങനെയുള്ള പ്രശംസാ വാക്കുകൾ മൊഴിയുന്നുണ്ടേൽ ഞാൻ ഉദ്ദേശിച്ച പോത്ത്‌ കറി തന്നെയാണ്‌ നിങ്ങളുണ്ടാക്കിയത്‌......ഇനി അതുക്കും മേലെ വല്ലതും പറയുന്നുണ്ടേൽ, അയിന്റെ റെസീപി എനിക്ക്‌ അയച്ചേരോ പ്ലീസ്‌!


പരിവാടി തീർന്നിരിക്കുന്നു!


എന്ന് ഏവരുടേയും കണ്ണിലുണ്ണിയായ ഇങ്ങളുടെ സ്വന്തം "സജാ ബാച്ചി"


                ഒപ്പ്‌ കുത്ത്‌ അയിന്റടിയിൽ തിയ്യതി.

Copyright Protected.


-“TheSajaBachi”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ