2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഓർമയിലെ ഉപ്പാപ!

#ഓർമയിലെ_ഉപ്പാപ്പ!

"എകരത്തിനനുസരിച്ച് വിവരം വേണോടാ ഹമുക്കേ!"... ഈ പഞ്ച് ഡയലോഗിന്റെ നായകൻ ലോകത്തോട് വിട പറയുന്നതിനു എത്രയോ നാളുകൾക്ക് മുൻപേ ഈ ഡയലോഗ് മറന്നുപോയിരിക്കാം..... കാരണം, വാർദ്ധക്യം യൗവനത്തെ കാർന്നുതിന്നപ്പോൾ കൂടെ ഉപ്പാപയുടെ ഓർമ ശക്തിയും ചവച്ചിറക്കിയിരുന്നു..... എന്നിരുന്നാലും ലീവിനു നാട്ടിൽ പോയാൽ ഉപ്പാപ്പയെ കാണാൻ മുറിയിൽ കയറിയിട്ട് " ഉപ്പാപാ ഞാനാ സജ്ജാദ്" എന്ന് പറഞ്ഞ മിക്ക ദിവസങ്ങളിലും ചോദ്യം ഇതായിരിക്കും " എന്താ! ഇപ്പെങ്ങനാ!!!? " ( അത് ഇവിടെ പറഞ്ഞാ ശരിയാവില്ല) ചിലതങ്ങനാണ് മറവിക്ക് പോലും പിടിച്ചാൽ കിട്ടില്ല.....

ഇന്നാ മുറിയിൽ ഉപ്പാപ്പയില്ല!! പകരം കുട്ടിക്കാലത്തെ കുറേ ഓർമ്മകൾ..... ഉപ്പാപ്പ ശീലിപ്പിക്കാൻ ശ്രമിച്ച ശീലങ്ങൾ...... എകരത്തിനേക്കാൾ (ഉയരത്തിനേക്കാൾ) എകരത്തിലെത്തിക്കാൻ പറഞ്ഞുതന്ന അറിവുകൾ, അതിൽ പലതും പാഴാക്കികളഞ്ഞല്ലോ എന്ന ദുഖവും.........

വളരെ ചെറു പ്രായത്തിൽ തന്നെ പോകറ്റിൽ അഡ്രസ്സും പിന്നെ ടൗണിൽ പോയി തിരിച്ചു വരാനുളള ബസ്സുകൂലിയും തിരുകി വെച്ച് ബസ്സു കേറ്റി വിടുമായിരുന്നു.... വഴി പഠിക്കാനും.... ഒറ്റപെട്ടുപോയാൽ പേടിക്കാതിരിക്കാനും വേണ്ടിയായിരിക്കാം അന്ന് അങ്ങനെ ശീലിപ്പിച്ചത്........ ബസ്സ് ഒരോ സ്ഥലങ്ങളിൽ നിർത്തുമ്പോഴും അവിടുത്തെ കെട്ടിടങ്ങളും മരങ്ങളും കടകളും സ്ഥലപ്പേരും എല്ലാം മനസ്സിൽ ഓർത്ത് വെക്കും, തിരിച്ച് വരുമ്പോൾ ഇറങ്ങേണ്ട സ്ഥലം മറന്ന് പോകരുതല്ലോ...... അന്നു കിട്ടിയ ശിലമാണോ എന്തോ.. ഇന്നും ഏത് നാട്ടിലെത്തിയാലും വഴികളെല്ലാം ഓർത്ത് വെക്കാറുണ്ട്.

തകരക്കടയിൽ നിന്ന് തകരത്തിന്റെ കൊച്ചു ഭണ്ഡാരങ്ങളുണ്ടാക്കി തന്നു; നങ്ങൾ മരുമക്കൾകെല്ലാർക്കും ഓരോന്ന് വീതം.... സേവിങ്ങ്സ് ശീലിപ്പിക്കാൻ..... പാഴാക്കി കളഞ്ഞ ശീലങ്ങളിലൊന്നാണത്......

നോമ്പുകാലത്ത് പള്ളിയിൽ നിസ്കാരത്തിനു ശേഷം വയളു പറയാൻ വരുന്ന പാവപ്പെട്ടവൻ വിരിച്ച തൂവാലയിൽ ഇട്ട് കൊടുക്കാൻ തന്ന ചില്ലറയുടെ ശബ്ദം ഓർമിപ്പിക്കുന്നത് ധാന ധർമ്മമായിരിക്കാം

ഗുരുത്വക്കേട് കാണിച്ചാൽ ഡൈനിംഗ് ടേബിളിൽ നിർത്തി ബെൽറ്റ് കൊണ്ട് ആഞ്ഞടിക്കും, അടികൊള്ളുന്നത് ടേബിളിനാണെന്ന് മാത്രം.... കുട്ടികളെ അടിച്ചാൽ വഷളാവും, വേദനയറിഞ്ഞാൽ പിന്നെ അടിയെ പേടിയുണ്ടാവില്ലാ എന്നതാണ് ഉപ്പാപയുടെ തത്വം!! 

അങ്ങനെ അങ്ങനെ... ഒരുപാടൊരുപാട് പറഞ്ഞാൽ തീരാത്ത ( അത് പറഞ്ഞ് തീരണമെങ്കിൽ ഒരു ജീവായുസ്സ് മുഴുവൻ വേണം) ഓർമകളും ശീലങ്ങളുമായി..... ഉപ്പാപ ഇന്നും എന്നിൽ ജീവിച്ചിരിക്കുന്നു.....

           -സജാ ബാചി-

2015 ഏപ്രിൽ 12, ഞായറാഴ്‌ച

പ്രവാസിമാരന്റെ പ്രധാന പ്രശ്നം!!

#TheSajaBachi 


#പ്രവാസിമാരന്റെ_പ്രധാന_പ്രശ്നം...

കാലം: 2010 - 2015 (ഇങ്ങനൊരു കാലഘട്ടം ഇണ്ടായിനി)

ഞാനീ പറയാൻ പോവുന്ന കഥയിലെ കഥാപാത്രങ്ങൾ നിങ്ങളാണോ, നിങ്ങളെ തന്നെ ഉദ്ദേശിച്ചാണോയെന്ന് ചിലപ്പോ തോന്നിയേക്കാം, അത് തികച്ചും യാദൃച്ഛികമല്ല മനപ്പൂർവമാണ് കാരണം ഇത് എന്നേയും നിങ്ങളേയും പോലുള്ളവരുടെ അനുഭവമാണ് 

ചെമ്മീൻ പൊരിച്ചതും അയക്കൂറ ബിരിയാണിയും ചിക്കെൻ മക്രൊണിയും (ബീഫിനെ പറ്റി ഒരക്ഷരം  മിണ്ടരുത്!!) ഇതൊക്കെ  വച്ച് തിന്നാനുള്ള പൈസ നാട്ടിലയച്ചുകൊടുത്തിട്ട്  ഗൾഫിലിരുന്ന് കുബ്ബൂസും പരിപ്പും തിന്നിട്ട് കട്ട പൊക ജീവിതം നയിക്കുന്ന പ്രവാസിയുടെ പ്രശ്നമല്ല ഞാൻ പറയുന്നത്. അല്ലെങ്കിലും അതൊന്നുമല്ല പ്രധാന പ്രശ്നം........... അറബിക് മന്തി,  ലബനീസ്, ഇറ്റാലിയൻ, ചൈനീസ്, തായി  തുടങ്ങി ലോകോത്തര ഭക്ഷണവും കഴിച്ച് അടിച്ചു പൊളിച്ച് നടക്കുന്ന ഒരു ന്യൂ ജനറേഷൻ പ്രവാസി പ്രശ്നമാണിത്.......... "പ്രധാന പ്രശ്നം"

അങ്ങകലെ അറബിക്കടലിനക്കരെ ദുബായ് എന്ന കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്, വേറൊന്നും കൊണ്ടല്ല നമ്മുടെ കഥാ നായകൻ അവിടെയാണുള്ളത്   (ഗ്രാമമോ പട്ടണോ അതെന്തേലുമാവട്ട് നമുക്ക് കഥ തുടങ്ങാന്ന് ).............

ബങ്ക് ബെഡ്ഡിന്റെ താഴെ തട്ടിൽ ഒരു മൂലയിൽ ചാരിയിരുന്ന് ലാപ്ടോപ്പിൽ ഈ-മെയിൽ നോക്കിക്കൊണ്ടിരിക്കയാണ് നമ്മുടെ നായകൻ  'മുന്ദിർ'..... പുള്ളി വല്ല്യ പുലിയാണ്........ ഇനി നായകൻറെ കൂടെ നടന്ന് കോമഡി പറയാനും ഉപദേശിച്ച് പണ്ടാരടക്കാനും ഒരു കൂട്ടുകാരൻ വേണ്ടേ?..... വേണം (കഥയെന്തായാലും  ഇങ്ങനൊരു കൂട്ടുകാരൻ അത് നിർബന്ദാ.!! എന്ത് ചെയ്യാനാ ശീലമായിപ്പോയ്)........ അപ്പൊ നമ്മളെ നായകനുമുണ്ട്  ഇങ്ങനൊരു ചങ്ങായി "അജു".......... അതേയ്.! ഇത് നിങ്ങളുദ്ദേശിക്കുന്ന ആളല്ല കേട്ടാ.............ഇവൻ അജു എന്ന "അജ്മല്" ..........

ഫോണ് റിങ്ങ്ചെയ്യുന്നു....... 'ഹലോ'....,

' എട ഹംക്കേ അജൂ നീ ഏട്റാ.....

'ഞാൻ വന്നോണ്ടിര്ക്ക്ന്ന് എന്തേനു?......... '

'യെടാ നട്ടീന്ന് മെയില് വന്നിട്ട്ണ്ട്.... ഈടൊരുത്തനോടും  ചോയ്ച്ട്ട് ഒന്നും പറയ്ന്നില്ല '

'ങാ!! ഞാ വെര്ന്ന്...... ശരിയാക്കാടാ...'

അജു കൂട്ടുകാരന്റെ പ്രശ്നം പരിഹരിക്കാൻ റൂമിലേക്ക് പെട്ടെന്ന് നടന്നു....

'ഹാ അജു എത്തിയല്ലാ........ വേഗം കാണിച്ച് കൊടുക്കെടാ' റൂം മേറ്റിന്റെ ആവേശം 

' നോക്കെടാ എങ്ങനുണ്ട്?!!!!' 

'അല്ലാഹ്.!!!! ഇതാ........ നീ വല്ല്യ ഐ ട്ടി ക്കാരനായിട്ട് കണ്ടാലറീല്ലേ......... ഫുൾ ഫൊട്ടൊഷോപ്പാടാ......... നീ നാട്ടിൽ വിളിച്ചിട്ട് ഒരു സാദാ ഫോട്ടോ അയച്ചെരാൻ പറ എണ്ട്ട്  തീര്മാനിക്കാ '

സംഗതി മനസ്സിലായില്ലേ?.... നമ്മടെ നായകന് കല്യാണാലോചന നടക്കുന്ന പെണ്ണിന്റെ ഫോട്ടോയാ മെയില് വന്നത്........ അത് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ആകെ അങ്കലാപ്പിലായിരുന്നു അവൻ,... അജു വന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോഴാണ് അവനു കുറച്ച് സമാധാനായത് 

' ഉമ്മാ ഇത് ഞാനാ..... നിങ്ങ ഓരോട് ഒരു സാദാ ഫോട്ടൊ അയക്കാൻ പറ സ്റ്റുഡിയോന്ന് എടുത്തത് വേണ്ട മൊബൈൽന്നാ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറയിന്നാ മറ്റൊ എടുത്ത ഫോട്ടോ മതി'

' അഹ്കെന്താ മോനേ നല്ല ഫോട്ടെയ്നല്ല നമ്മല്ലു  നാള കാണാൻ പൊവാന്ന് നിരീകെയ്നു ..........'

'അല്ലുമ്മാ അത് വേണ്ട... ഇങ്ങ മൊബൈലിലാ മറ്റോ എടുത്തിട്ട് വാട്ട്സ്ആപ്പിലയക്കാൻ പറയ് .......'

'സ്സ് സ് .....എടാ വാട്ട്സ്ആപ്പ് വേണ്ട സൂം ചെയ്താ ക്ലീറുണ്ടാവില്ല......... മെയില് മതീന്നു പറ...........'
(അജു വിന്റെ റോൾ എന്താണെന്ന് മനസ്സിലായില്ലേ?....... അപ്പപ്പൊ ഇൻസ്ട്രക്ഷൻ!!!)

' അ... ആ... ഉമ്മാ......... വാട്ട്സ്ആപ്പ് വേണ്ട മെയില് മതി......... അപ്പൊ ശരി വെക്ക്ന്നെ.......'

ഇനിയിപ്പൊ നാളെ പുതിയ ഫോട്ടോ വരുന്നത് വരെ പുള്ളിക്കാരന്  ഒരു സമാധാനവും ഉണ്ടാവില്ല..... രണ്ട്  മാസം കഴിഞ്ഞാൽ  വെക്കേഷനാണ് ഇത്തവണ കല്യാണം കഴിക്കാൻ വേണ്ടിയാണ് വെക്കേഷൻ ജൂലൈ - ഓഗസ്റ്റിലേക്ക് മാറ്റിയത് അതാവുമ്പോ ഇവിടുത്തെ സ്കൂൾ വെക്കേഷന് നാട്ടിലേക്ക് എല്ലാരും ഉണ്ടാവും.... അതിനുള്ളിൽ എങ്ങനെയെങ്കിലും പെണ്ണ് ശരിയാക്കണം..........

ഫോട്ടൊ അയച്ച വിവരം വന്നു...... വെള്ളിഴായ്ചയായതിനാൽ എല്ലാരും റൂമിൽ തന്നെയുണ്ട് ഒറ്റടിക്ക് അഭിപ്രായം കിട്ടും....

' യെട  അജൂൂൂൂ!!! പണി പാലും വെള്ളത്തിൽ കിട്ടിയെടാ............. ഇതേതടാ...... ഇന്നലെ കണ്ട ആളാണാ?!!.........ആരാണിത്? ഏതാണിന്നത്?....'

'നോകട്ട് ... നോകട്ട്....'.........
എല്ലാരും തള്ളിക്കൂടി

'ചിരിച്ച് മരിക്കും..........  ഞാനിന്നലേ പറഞ്ഞില്ലേ ഫുൾ ഫോട്ടോഷോപ്പാന്ന്.............'

"ഉമ്മാ ഇത് ശരിയാവൂല നിങ്ങ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്......... ഞാ പിന്ന വിളിക്കാ......"

' അജൂ........ നൻമ്പേൻ ടാ...... നീയില്ലെങ്കി ഞാ പെട്ടേനെ....'

' എനിക്ക് ഇന്നലെയന്നെ ഇഷ്ടായില്ല '
ഇന്നലെ അഭിപ്രായം ചോദിചിട്ട് ഒരക്ഷരം മിണ്ടാതിരുന്നവരൊക്കെ തല പൊക്കാൻ തുടങ്ങി.

'എന്നിട്ട് ഇന്നലെ ഒന്നും പറയുന്ന കേട്ടില്ലല്ലാ.........'

' അത് പിന്നെ നിനക്ക് ഇഷ്ടായിനെങ്കിലോ........ അത്  നമ്മക്കറീലല്ലാ......... അതോണ്ടാ ഒന്നും പറയാതിരുന്നെ........ ഏതായാലും കല്യാണമൊക്കെ ശെരിക്കും നോക്കീറ്റ്  ഒറപ്പിച്ചാ മതി......... ഈ ബഷീറിന്റെ പോലാവണ്ട '

'എന്താടാ ബഷീറെ...... എന്തായിര്ന്ന്  സംഭവം?'

'അല്ലാഹ്...!!  ഇൻറെ കാര്യൊന്നും പറയണ്ട മോനേ ...... ബെല്ലെ കദേന്ന്, കല്യാണം കയിഞ്ഞ്റ്റാ മൻസിലായെ ഓക്ക് ചെറിയ മൊടന്ത്ണ്ടെന്ന്.........' (മുടന്തോക്കെ ഒരു പ്രശ്‌നാണോ? ഇത് അവൊന്നല്ല ഓന്റെ എന്തോ കിണുപ്പിത്തിരിയാന്ന്)

'ഇങ്ങ പെണ്ണ് കാണാൻ പോയപ്പോ കണ്ടില്ലേ?....'

'അതോര് പണിയന്നേന്നടാ........കാണാമ്പോയപ്പൊ ഓള് സോഫന്റെ ബേക്കിലാ നിന്നെ അതോണ്ട് മൻസ്സിലായില്ല...... ആറു ലക്ഷം നഷ്ട പരിയാരം കൊട്ത്തിട്ടാ ഓളെ ഒയിവാക്കിയെ....... ഒയിവാക്കൂന്നറിഞ്ഞപ്പോ പന്നിയോള് കൊണ്ടോയ് കേസൊട്ത്ത്........ ഇൻറെ വാപ്പാൻറെ കയ്യില്  കായുണ്ടായോണ്ട് ഞാ കയ്ച്ചലായി..........'

' എന്നിട്ട് ഇപ്പളത്തെ ഓളെങ്ങനെ?'

"ഓളമ്മളെ മുത്തല്ലേ......."

'ഓളെ സൂക്ഷിച് കൊണ്ടു നടക്കണേ.....'

'അതെന്താ അജൂ ഇയ്യങ്ങനെ പറഞ്ഞെ?!!!'

'അല്ല വീണ് കാലെങ്ങാനും ഒടിഞ്ഞാ പിന്നേം അഞ്ചാറു ലക്ഷം ഇണ്ടാക്കണ്ടെ'.... (പ്ലിംഗ്!!!)

' ആലോയിക്കുമ്പൊ, ബഷീറിന്റെ കഥയിലും കാര്യുണ്ട്,... അതോണ്ട് നമ്മക്കൊരു കാര്യം ചെയ്യാ, ഇതേതായാലും പോട്ട്.... ഇനി വരുന്ന ആലോചന നമ്മക്ക് ഏകദേശം എല്ലാം ശരിയായാൽ, ഒറപ്പിക്കലൊക്കെ നാട്ടിൽ പോയിട്ടാക്കാ..........'

' അത് ശരിയാ...അതാ നല്ലത്'...............

 'നീ ഏതായാലും ചങ്ങായിമാരേം കുടുംബക്കാരേം ഒക്കെ നാട്ടിൽ പോന്ന കാര്യം വിളിച്ച്  പറ........... പെണ്ണ് കെട്ടാൻ പ്ലാനുണ്ടെന്നും ഇതുവരെ ഒന്നും ശരിയായിട്ടില്ലാന്നും അയിന്റെ കൂടെ കേറ്റിക്കൊ....'
(മാക്സിമം പബ്ലിസിറ്റി)

ആ പ്ലാൻ വർക്കൗട്ടായി, ആലോചനകൾ തകൃതിയായി വരാൻ തുടങ്ങി.... പക്ഷെ ഒന്നുമങ്ങട് മനസിന് പിടിക്കുന്നില്ല........, അലോചനകൾ  ഒരോന്നോരാന്നയി ഒന്നാം  ഘട്ടത്തിൽ തന്നെ മുടങ്ങിക്കൊണ്ടിരുന്നു. നാട്ടിൽ പോകാൻ ഒരാഴ്ച്ച ബാക്കി നിൽകെ സ്കോറോന്നും ആവാതെ ആലോചനകൾ മന്ദഗതിയിലായി........ ഏകദേശം കൊള്ളാമെന്ന് തോന്നിയ മൂന്നെണ്ണത്തിനെ തിരഞ്ഞെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചു......... അതിനായി ഒരു അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചു....... ഒന്ന് ഓൾഡ് ജെനറേഷൻ ടീം, കുടുംബ പശ്ചാതലവും ചരിത്രവും പഠിക്കാനാണിവർ..... അടുത്തത് ന്യൂ ജനറേഷനാണ്... ചുറ്റുപാടുമുള്ള പെണ്ണിനെ കുറിച്ചുള്ള അഭിപ്രായം, പ്രേമം, ഒളിച്ചോട്ടം അങ്ങനെ തുടങ്ങിയുള്ള കാര്യങ്ങൾ അരിച്ചുപെറുക്കലാണിവരുടെ ദൗത്യം..... മൂന്നാമത്തെ ടീമെന്ന് പറയുന്നത്  കഴിഞ്ഞ രണ്ട് വർഷത്തിനിടെ +2, ഡിഗ്രീ കോഴ്സുകൾ പഠിച്ചവരും ഇപ്പൊ പഠിച്ചോണ്ടിരിക്കുന്നവരുമാണ്........ ഇവിടെയാണല്ലൊ എല്ലാരും  കൂടുതൽ സമയം ജീവിതം ചിലവഴിക്കിന്നത്, അങ്ങനെ പെണ്ണിനെ കുറിച്ചുള്ള കമ്പ്ലീറ്റ് കാര്യങ്ങളും ലീക്കാക്കുക എന്നതാണു പ്ലാൻ.

നാട്ടിലെത്തുമ്പോഴേക്ക് മൂന്നെണ്ണത്തിൽ രണ്ടെണ്ണത്തിനെ നെഗറ്റീവ് റിപോർട്ടായതിനാൽ അന്വേഷണ കമിറ്റി റിജെക്റ്റ് ചെയ്തു, അപ്പൊ പിന്നെ ബാക്കിയുള്ള ഒന്നിനെ പുറത്ത് നിന്നെവിടുന്നെങ്കിലും നേരിട്ട് കാണാൻ പദ്ധതിയിട്ടു............ രാവിലെ ക്ലാസിനു പോകുമ്പോൾ ബസ്റ്റൊപ്പിൽ ഒളിഞ്ഞു നിന്ന് കാണാൻ തീരുമാനമായി.

രാവിലെ എണീറ്റ് കുളിച്ച് കുട്ടപ്പനായി പെണ്ണിനെ കാണാൻ പോകാനായി അജുവിനേം കാത്തിരിക്കയാണ് നായകൻ (നോക്കണ്ടാ..!!! അജു എങ്ങനെ നാട്ടിലെത്തിയെന്നല്ലേ?!! ഞാൻ ആദ്യമേ പറയാ കഥയിൽ ചോദ്യമില്ല കേട്ടാ.!!......... ഹൂം!! എന്നാലും പറഞ്ഞു തരാം......അതേയ്! ഈ നായകന്റെ കല്യാണത്തിന്റന്ന് പെണ്ണിന്റെ കൂട്ടുകാരികളോടും അനിയത്തിയോടുമൊക്കെ സൊറ പറഞ്ഞും ലൈനടിച്ചും നടക്കാൻ ഒരാളു വേണ്ടേ? അതിനു വേണ്ടി ഇവനെ ഞാനിങ്ങ് ലീവെടുത്ത് കൊണ്ടുവന്നു.... അല്ല പിന്നെ!!)

നമുക്ക് കാര്യത്തിലേക്ക് കടക്കാം.......... ബസ്റ്റോപ്പിൽ നടന്നതൊരു റ്റ്വിസ്റ്റാണ്, കാണാൻ പോയ പെണ്ണിനെ നായകന് ഇഷ്ടപെട്ടില്ലാന്നു മാത്രല്ല കൂടെയുണ്ടായിരുന്ന പെണ്ണിനെ വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു........(കേട്ടു പഴകിയ റ്റ്വിസ്റ്റാണ്...... ഇത് സ്വാഭാവികമായി നടക്കുന്നതല്ലെ പഴക്കം കാണും) കെട്ടുന്നെങ്കിൽ അതവളെ മാത്രമെന്ന് അവൻ മനസ്സിലുറപ്പിച്ചു...... ജീവൻ കളഞ്ഞും അവളെ കെട്ടിച്ച് തരാമെന്ന് ഉറ്റ സുഹൃത്ത് വാക്കും കൊടുത്തു.........അഡ്രെസ്സ് തപ്പിയെടുത്ത് അന്വേഷണ കമ്മിറ്റിയെ ഏല്പിച്ചു......അവരുടെ ക്ലീൻ യു സർട്ടിഫിക്കറ്റ് കിട്ടി....... ഇനിയിപ്പോ ആലോചന ആര് കൊണ്ടുവരും..?! അങ്ങോട്ട് പോയി പെണ്ണ് ചോദിക്കാന്നു വച്ചാൽ കണ്ണൂരുകാർക്ക് അത് പതിവില്ല...... ചെക്കൻ വീട്ടുകാർക്ക് അതൊരു കുറച്ചില്ലാണ്..... കണ്ണൂർ ജില്ലയിലൊഴികെ ബാക്കിയെല്ലായിടത്തും തല തിരിഞ്ഞാണല്ലൊ കാര്യങ്ങൾ നടക്കുന്നത്........ ചെക്കൻ വീട്ടുകാർ പെണ്ണ് ചോദിച്ചു പോവുക, കല്യാണം കഴിഞ്ഞാൽ പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ടുവരിക ഇതൊക്കെ തല തിരിഞ്ഞ ഏർപാടല്ലെ!!!........ പെണ്ണിന്റെ ആൾക്കാരെ ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യം ചാത്തനേറ്റു... അയ്യോ!! സോറി അജു ഏറ്റു.....

പക്ഷെ നടന്നില്ല.....! എന്താണെന്നറിയില്ല  പെണ്ണ് വീട്ടുകാർ പുറകോട്ടടിച്ചു........ ആ പെണ്ണ് പോയതിനേക്കാളും വിശമം അത് മുടങ്ങിയ കാരണം അറിയാത്തതിനാലായിരുന്നു

'യെന്നാലും അതെന്തായിരിക്കും അവരെന്നെ വേണ്ടാന്ന് പറഞ്ഞെ?!'

'യെടാ നിന്റുപ്പൂപക്ക് പണ്ട് ആനിണ്ടായിര്ന്നെ നിന്റെ ചന്തിക്ക് തയമ്പിണ്ടാവൂലായിര്ക്കും...... പക്ഷെ വല്ല നാറ്റക്കേസും ഇണ്ടായിരുന്നെങ്കി അത് നാറുന്നത് ഈ കല്യാണാലോചന സമയത്താണ്........ അങ്ങനെ വല്ലതും?!'

'അങ്ങ്....ങ്ങനെ?! ഹ്മ്മ് ങ്...... ങാ ഉപ്പൂപാന്റെ ഉപ്പ ധീരനും ശൂരനും ആയോണ്ട്  പണ്ട് പുലിനേം മാനിനേം ഒക്കെ  കൊന്ന കേസുണ്ടായിരിക്കും ഇല്ലേ? ഇനി  അതായിരിക്കോ?!'

(മാനിനെ കൊന്നത് സൽമാൻ ഖാനല്ലേ?! അങ്ങേരാണെങ്കി ഇതുവരെ കല്യാണോം കഴിച്ചിട്ടില്ല..... യപ്പൊ  യിവന്റെ കാര്യം പോക്കാ.....) 'ങാ നീ ഇതാരോടും പറയണ്ട കെട്ടാ..... നമ്മക്ക് വേറെ നോക്കാ......' 
 (കാര്യമതൊന്നുമല്ല....... അതെന്താണെന്ന് നിങ്ങളും ഒന്ന് ആലോയിക്ക് )

ലീവു തീർന്നു ദുബൈക്ക് പോകാനുള്ള ദിവസം അടുത്തു...... വേറെ പെണ്ണും കിട്ടിയില്ല,. രണ്ടാളുടെ ലീവ് വെറുതെ വേസ്റ്റായി

(ഇനി വേണേൽ ബാക്ക്ഗ്രൗണ്ടിൽ നമ്മുക്കൊരു പാട്ടാവാം.... കുറച്ച് വേഗത്തിൽ കഥ തീർക്കാൻ അതല്ലെ വഴിയുള്ളൂ.........)

പെണ്ണൊന്നുമാവതെ ലീവ് തീർന്ന് തിരിച്ച് ദുബൈക്ക് വച്ചു പിടിച്ചു നായകനും കൂട്ട്കാരനും.......... അവിടെ എത്തിയിട്ടും അലോചനകൾ തുടർന്നു...... ഒന്നും ആ ബസ്റ്റോപിൽ കണ്ട പെണ്ണിനെ കവച്ച് വെക്കുന്നില്ല........ അതിനിടയിൽ നോക്കാം എന്ന് വിചാരിക്കുന്നതൊക്കെ ഒന്നുകിൽ അന്വേഷണ കമ്മിറ്റി റിജെക്റ്റും....... അല്ലെങ്കിൽ പെണ്ണുവീട്ടുകാരുടെ അന്വേഷണ കമ്മിറ്റി റിജക്റ്റും..... ഫോട്ടോ കണ്ട് അഭിപ്രായം പറഞ്ഞ് പറഞ്ഞ് റൂം മേറ്റ്സിനു മടുത്ത്.... മെയിൽ ഓപൺ ചെയ്യുമ്പോൾ തന്നെ അവന്മാർ ഓടാൻ തുടങ്ങി..... പിന്നെ പിന്നെ എഞ്ചിനീയർ പെണ്ണും ഡോക്ടർ പെണ്ണും വരാൻ തുടങ്ങി (MBBS അല്ല കെട്ടോ ഇത് BDS)..... അദ്യം കരുതി കല്ല്യാണ മാർക്കറ്റിൽ നിലയും വിലയും കൂടിയത് കൊണ്ടാണെന്നായിരുന്നു........ പിന്നെയാ മനസ്സിലായെ ഈ പല്ലു വൈദ്യരും എഞ്ചിനീരും ഒക്കെ ചെക്കനെ കിട്ടാതെ പല്ലു പോയതും....... (ലവളുമാരും ആയ കാലത്ത് എന്നെ മായിരി അവശ്യല്ലാണ്ട് കൊറേ നല്ല ആലോചനകൾ ബേണ്ടാണ് വെച്ചതാണ്)......... അതായത് കിട്ടാ കുറ്റി........ താനും കിട്ടാ കുറ്റി പട്ടികയിൽ ജാതി പട്ടിയായി എന്ന തിരിച്ചറിവു വന്ന് ജീവിതം മടുത്തിരിക്കുന്ന നിമിഷം നായകനൊരു പുതിയ മെയിൽ വരുന്നു......... (ഇനി പാട്ട് മതി)

മെയിലിൽ വന്ന ഫോട്ടോ കണ്ടതും...... പവർ കാട്ടായ വീട്ടിൽ എൽ. ഈ. ഡി. ലൈറ്റ് കത്തിയ പോലെ നായകന്റെ മുഖം പ്രകാശിച്ചു........

അപ്പൊ തന്നെ അജൂനെ ഫോണിൽ വിളിച്ചു 
'അജൂ....... കിട്ടിയെടാ എന്റെ ജീവിത സഖിയെ........ ഇന്നേവരെ ഇത്രെം മൊഞ്ചുള്ള പെണ്ണിനെ ഞാങ്കണ്ടിട്ടില്ല'

'ആണൊ..!!!.......ഞാൻ അങ്ങോട്ട് വരാ........'

അജു വരാനൊന്നും കാത്തിരുന്നില്ല...... നാട്ടിൽ വിളിച്ച് ഉറപ്പിച്ചോളാൻ പറഞ്ഞു
(വേണേൽ എഴുതി വച്ചൊ...ഇമ്പൊർടന്റ് പോയിന്റ്: പെണ്ണിനെ ഇഷ്ടായാൽ പിന്നെ ആരോടും അഭിപ്രായം ചോദിക്കാൻ തോന്നൂല..... അഥവാ തോന്നിയെങ്കിൽ ആ പെണ്ണിനെ ഇഷ്ടപെട്ടില്ലെന്ന് ചുരുക്കം)

' ഉമ്മാ ഇത് ഡബിളോക്കെ....... അന്വേഷിക്കാൻ ആരേം ഏൽപിക്കണ്ട ഞാൻ തന്നെ അന്വേഷിച്ചിട്ട് രണ്ടെസ്സം കൊണ്ട് വിളിക്കാ, എന്നിട്ട് നിങ്ങേം സുഹറേം പോയി ഒന്ന് കാണ്..... ഇഷ്ടപെട്ടാൽ ഒറപ്പിക്കാൻ ഞാൻ കൊറച്ചെസ്ത്തെക്ക് വരാ.....'

അലോചന കൊണ്ടുവന്ന ബന്ദു മുഖേന തന്നെ അന്വേഷണം നടത്തി.....അങ്ങനെ ഒരു കുഴപ്പവുമില്ല...... ഒരു സാധു കുട്ടിയാണെന്നായിരിന്നു മൊത്തത്തിൽ അഭിപ്രായം......... ഇനിയൊന്നും നോക്കാനില്ല, വളയിട്ടുറപ്പിക്കാനായി രണ്ടു ദിവസത്തേയ്ക്ക് നാട്ടിലേക്ക് പറന്നു......

ഫ്ലൈറ്റിൽ പറന്നു കൊണ്ടിരുന്ന നായകൻ സ്വന്തം ചിറകിൽ പറക്കുന്ന പോലെ തോന്നി.....അവൻ എതോ മായാ ലോകത്തിലൂടെ സഞ്ചരിക്കുകയാണ്.... നാളെ പെണ്ണുകാണാൻ പോയാൽ അവളോട് ചോദിക്കാനുള്ളതും, പറഞ്ഞു ചിരിപ്പിക്കാനുള്ള തമാശയുമെല്ലാം ഓർത്തോർത്ത് സമയം പോയതറിഞ്ഞില്ല ഫ്ലൈറ്റിനു വേഗം കൂടിയതാണോന്നും അറിയില്ല പെട്ടെന്നെത്തി.........

ഉമ്മാനേം പെങ്ങൾ സുഹ്റാനേം കൂട്ടി പെണ്ണുകാണൽ സീനിനായി ലൊക്കേഷനിലേക്ക് (പെണ്ണുവീട്ടിലേക്ക്) വിട്ടു.......  പക്ഷെ ഇവിടെ സീൻ വേറെയാണ്, ഫ്ലൈറ്റിലിരുന്ന് സ്വപ്നം കണ്ടതെല്ലാം സിനിമയിൽ മാത്രം കണ്ട സീനായിരുന്നു....... സോഫയിൽ ഇരിക്കാതെ ഇരിപ്പുറപ്പിച്ച നായകനു ചായ കൊടുക്കാൻ നാണിച്ച് നാണിച്ചു വരുന്ന പെൺകുട്ടി...... കൊണ്ടുവന്ന ചായ എടുക്കുമ്പോൾ പരസ്പരം ഒരു നോട്ടം, ഒരു പുഞ്ചിരി.... പിന്നെ ഒരു മുറിയിൽ സംഭാഷണം.......... പക്ഷെ ഇവിടെ നടന്നത് എല്ലാ പ്ലാനും പൊളിച്ചുകൊണ്ടുള്ള കപൂർ സീനാണ്..... വലിയ തീൻ മേശയിൽ പെണ്ണും  കുടുംബക്കാരും എല്ലാരും കൂടി ഒന്നിച്ചിരിന്നൊരു ചായ സൽകാരം...... നായകന്റെ നേരെ മുന്നിൽ തന്നെ ഇരുന്നത് ഒരു തടിമാടൻ കാർന്നോര്...... എല്ലാ കണ്ണുകളും ചെക്കന്റെ നേർക്കായതിനാൽ പെണ്ണിനെ ഒന്നു കൺകുളിർക്കെ കാണാനും പറ്റിയില്ല.......... 

ഇനി അടുത്തത് പെണ്ണിനോട് തനിച്ചൊരു സംഭാഷണം....... ചോദ്യങ്ങളും തമാശയും ഓർത്തെടുത്തു (എന്താപ്പത്.....ഊം.... ങ്ആ..... ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ വൃദ്ധൻ...... ങാ ഒകെ ഓകെ...!)

അവസരമൊരുക്കാനായി ഉമ്മാക്ക് കണ്ണ് കൊണ്ടുള്ള സിഗ്നൽ കൊടുത്തു........

' ഇനി വേണേൽ ചെക്കനും പെണ്ണും സംസാരിച്ചോട്ടെ അല്ലെ.!'

'അതിന്റൊന്നും ആവശ്യുണ്ടാവൂന്ന്  തോന്നുന്നില്ല..... കുറച്ച് കഴിഞ്ഞാൽ ഇവരേത് നേരവും ഫോണിലായിരിക്കില്ലെ......!
(കാർന്നോരെ വക തമാശ മട്ടിലുള്ള ഡയലോഗ് ഡെലിവറി....... എല്ലാരും പൊട്ടിചിരിച്ച് ആ സീനും മാറി മറിഞ്ഞു.......ബാക്കി സ്വപ്നവും ചിറകൊടിഞ്ഞ കിനാവുകളായി)

വളയിടലൊക്കെ ഭംഗിയായി കഴിഞ്ഞു, തിരിച്ച് ദുബൈലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി....... പെണ്ണിന് സുഹ്റ നമ്പർ കൊടുത്തിരിന്നു....... ആ മൊബെയിലിന്റെ മണിമുഴക്കം കേൾക്കാൻ അവന്റെ കാതുകൾ കൊതിച്ചു....... പ്രിയേ ഒന്ന് വിളിക്കൂ പ്രിയേ......(ഇനിയങ്ങോട്ട് പൈങ്കിളിയാവാലോ)

യാത്ര പോകാനുള്ള പാക്കിംഗ് നടന്നോണ്ടിരിക്കുമ്പോൾ ഫോൺ വന്നു......യാത്രയപ്പിനു വന്ന ആൾക്കൂട്ടമുള്ളത്  കൊണ്ട് ആവേശമില്ലായ്മ അഭിനയിച്ചുകൊണ്ട് അവൻ ഫോണെടുത്തു.......

'ഹലോ'
പുരുഷ ശബ്ദം.!

'എന്റെ പേര്  സുനീർ, നിങ്ങളെ ഒന്ന് കാണണമായിരുന്നു..... രണ്ട് മിനിറ്റ് മതി...ഒന്നു നിങ്ങടെ വീടിന്റെ ഗേറ്റിനു പുറത്തേക്ക് വരോ?'

' ങാ ഇപ്പ വരാ'

'ഹായ്! ആരാ മനസ്സിലായില്ല'

'ഞാൻ സുനീർ, നമ്മൾ തമ്മിൽ പരിചയമില്ല പക്ഷെ ഒരു ബന്ദമുണ്ട്..... ഞാനാണ് നിങ്ങൾ ഇന്ന് വളയിട്ടുറപ്പിച്ച പെണ്ണിനെ കെട്ടാൻ പോണത്  '

(ങേ!!!! അപ്പൊ ഞാനാരാ?!!!!!)

'അല്ല മനസ്സിലയില്ല യെന്ത്?!'

'ഇതാ നിങ്ങൾ  അവൾക്കിട്ടുകൊടുത്ത വള.......ഇതെന്റെ കയ്യിൽ എങ്ങനെ എത്തിയെന്ന് നിങ്ങൾക്ക്  ഊഹിക്കാമല്ലൊ.......കാര്യം അധികമാർക്കും അറിയില്ല....... എനിക്കൊന്നേ പറയാനുള്ളൂ അവളെന്റെയാ..... അവളെ വിട്ടേക്ക്.!!!!'
(ഇതൊരു ലവ് സ്റ്റോറി ആയിരുന്നേൽ ഇവനായേനെ നായകൻ......... ഇത് പ്രവാസി കഥയല്ലേ അതെന്നും ട്രാജഡിയാണല്ലോ.!)

വള തിരിച്ചു കിട്ടിയത് ഭാഗ്യം അത്രേം പൈസ ലാഭം.!
(ഫ്ലൈറ്റിലിരുന്ന് കണ്ട സ്വപ്നങ്ങളുടെ ചിറകുമാത്രമല്ല, കൈ കാലുകളും തലയും ഉടലുമെല്ലാം ഒടിഞ്ഞു......അന്വേഷണ കമ്മിറ്റി പിരിച്ചുവിടണ്ടായിരുന്നു )

കിട്ടിയ വളയും കയ്യിലേന്തി അവൻ തിരിഞ്ഞു നടന്നു..... അതിനു വല്ലാത്ത ഭാരം തോന്നി.....ഒരോ കാലടി ചുവടും ഭൂമിക്കടിയിലേക്ക് താഴ്ന്നമരുന്നത് പോലെ.....മനസ്സിനിന്റെ വേദനകൾ കടിച്ചമർത്തി, എഴാകാശവും തന്റെ ചുമലിലേന്തി അവൻ തിരിച്ച് ദുബായിലേക്ക് യാത്രയായി...... (ചുമ്മാ ഒരു സെന്റിമെന്റൽ ഫീലിനു വേണ്ടി കാച്ചിയതാണീ ഡയലോഗുകൾ...... നിങ്ങള്  കാര്യാക്കണ്ട)

അണ്ടിപോയ അണ്ണാനെ പോലെ എയർ പോർട്ടിൽ ബോർഡിംഗ് ഗേറ്റിലിരുന്ന് തന്റെ മനസ്സമാധാനത്തിന് വേണ്ടി അവൻ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു

"Single Rocks!!"

ഹർ ഏക്ക് ഫ്രണ്ട് കമീന ഹോതാഹെ എന്നല്ലേ.... അങ്ങനൊരു കമീന കമന്റുമിട്ടു...

"@മുന്ദിർ..മോനേ മുന്ദിറേ... കിട്ടാത്ത മുന്തിരി പുളിക്കും"
                                                                        - സജാ ബാചി -


2015 ഫെബ്രുവരി 5, വ്യാഴാഴ്‌ച

മാട്ടൂൽ ഡിക്ഷ്ണറി

.......................മാട്ടൂൽ ഡിക്ഷ്ണറി ......................
പെസ്സ്  - കുറച്ച് / കുറവ്

തൊപ്പൻ  - അധികം

കീഞ്ഞ് - ഇറങ്ങി

പാഞ്ഞ് - ഓടി

ചാടി - കളഞ്ഞു

കാളൽ  - കരയൽ

കൂട്ട് - ഒഴിക്ക്  / ഒഴിക്കുക

കൂച് - ചങ്ങാതി / കൂട്ട്

ചായി - ബഡായി

ബിട്തൂല - വിടില്ല

ബടക്കേപ്രം - വടക്ക് ഭാഗം

അൾക്കപ്രം - അടുക്കള മുറ്റം

ഇനിയും എന്തൊക്കെ ഉണ്ടോ ആവോ.!

                                                                സജാ ബാചി