2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഓർമയിലെ ഉപ്പാപ!

#ഓർമയിലെ_ഉപ്പാപ്പ!

"എകരത്തിനനുസരിച്ച് വിവരം വേണോടാ ഹമുക്കേ!"... ഈ പഞ്ച് ഡയലോഗിന്റെ നായകൻ ലോകത്തോട് വിട പറയുന്നതിനു എത്രയോ നാളുകൾക്ക് മുൻപേ ഈ ഡയലോഗ് മറന്നുപോയിരിക്കാം..... കാരണം, വാർദ്ധക്യം യൗവനത്തെ കാർന്നുതിന്നപ്പോൾ കൂടെ ഉപ്പാപയുടെ ഓർമ ശക്തിയും ചവച്ചിറക്കിയിരുന്നു..... എന്നിരുന്നാലും ലീവിനു നാട്ടിൽ പോയാൽ ഉപ്പാപ്പയെ കാണാൻ മുറിയിൽ കയറിയിട്ട് " ഉപ്പാപാ ഞാനാ സജ്ജാദ്" എന്ന് പറഞ്ഞ മിക്ക ദിവസങ്ങളിലും ചോദ്യം ഇതായിരിക്കും " എന്താ! ഇപ്പെങ്ങനാ!!!? " ( അത് ഇവിടെ പറഞ്ഞാ ശരിയാവില്ല) ചിലതങ്ങനാണ് മറവിക്ക് പോലും പിടിച്ചാൽ കിട്ടില്ല.....

ഇന്നാ മുറിയിൽ ഉപ്പാപ്പയില്ല!! പകരം കുട്ടിക്കാലത്തെ കുറേ ഓർമ്മകൾ..... ഉപ്പാപ്പ ശീലിപ്പിക്കാൻ ശ്രമിച്ച ശീലങ്ങൾ...... എകരത്തിനേക്കാൾ (ഉയരത്തിനേക്കാൾ) എകരത്തിലെത്തിക്കാൻ പറഞ്ഞുതന്ന അറിവുകൾ, അതിൽ പലതും പാഴാക്കികളഞ്ഞല്ലോ എന്ന ദുഖവും.........

വളരെ ചെറു പ്രായത്തിൽ തന്നെ പോകറ്റിൽ അഡ്രസ്സും പിന്നെ ടൗണിൽ പോയി തിരിച്ചു വരാനുളള ബസ്സുകൂലിയും തിരുകി വെച്ച് ബസ്സു കേറ്റി വിടുമായിരുന്നു.... വഴി പഠിക്കാനും.... ഒറ്റപെട്ടുപോയാൽ പേടിക്കാതിരിക്കാനും വേണ്ടിയായിരിക്കാം അന്ന് അങ്ങനെ ശീലിപ്പിച്ചത്........ ബസ്സ് ഒരോ സ്ഥലങ്ങളിൽ നിർത്തുമ്പോഴും അവിടുത്തെ കെട്ടിടങ്ങളും മരങ്ങളും കടകളും സ്ഥലപ്പേരും എല്ലാം മനസ്സിൽ ഓർത്ത് വെക്കും, തിരിച്ച് വരുമ്പോൾ ഇറങ്ങേണ്ട സ്ഥലം മറന്ന് പോകരുതല്ലോ...... അന്നു കിട്ടിയ ശിലമാണോ എന്തോ.. ഇന്നും ഏത് നാട്ടിലെത്തിയാലും വഴികളെല്ലാം ഓർത്ത് വെക്കാറുണ്ട്.

തകരക്കടയിൽ നിന്ന് തകരത്തിന്റെ കൊച്ചു ഭണ്ഡാരങ്ങളുണ്ടാക്കി തന്നു; നങ്ങൾ മരുമക്കൾകെല്ലാർക്കും ഓരോന്ന് വീതം.... സേവിങ്ങ്സ് ശീലിപ്പിക്കാൻ..... പാഴാക്കി കളഞ്ഞ ശീലങ്ങളിലൊന്നാണത്......

നോമ്പുകാലത്ത് പള്ളിയിൽ നിസ്കാരത്തിനു ശേഷം വയളു പറയാൻ വരുന്ന പാവപ്പെട്ടവൻ വിരിച്ച തൂവാലയിൽ ഇട്ട് കൊടുക്കാൻ തന്ന ചില്ലറയുടെ ശബ്ദം ഓർമിപ്പിക്കുന്നത് ധാന ധർമ്മമായിരിക്കാം

ഗുരുത്വക്കേട് കാണിച്ചാൽ ഡൈനിംഗ് ടേബിളിൽ നിർത്തി ബെൽറ്റ് കൊണ്ട് ആഞ്ഞടിക്കും, അടികൊള്ളുന്നത് ടേബിളിനാണെന്ന് മാത്രം.... കുട്ടികളെ അടിച്ചാൽ വഷളാവും, വേദനയറിഞ്ഞാൽ പിന്നെ അടിയെ പേടിയുണ്ടാവില്ലാ എന്നതാണ് ഉപ്പാപയുടെ തത്വം!! 

അങ്ങനെ അങ്ങനെ... ഒരുപാടൊരുപാട് പറഞ്ഞാൽ തീരാത്ത ( അത് പറഞ്ഞ് തീരണമെങ്കിൽ ഒരു ജീവായുസ്സ് മുഴുവൻ വേണം) ഓർമകളും ശീലങ്ങളുമായി..... ഉപ്പാപ ഇന്നും എന്നിൽ ജീവിച്ചിരിക്കുന്നു.....

           -സജാ ബാചി-