ഇങ്ങക്ക് അറിയോ റമളാൻ മാസത്തെ ഉട്ടോബായ്? ഇങ്ങളെ നാട്ടിലുണ്ടോ ഉട്ടോബായ്?
ഉമ്മേം മൂത്തമ്മേം ഇളാമേം എല്ലാരും മാറി മാറി വിളിച്ച്........എണീക്ക് ഉട്ടോബായ് വന്നിറ്റാ......
മുത്തായോം കഴിച്ച് കിടക്കുന്ന ഞാൻ ഉൾപെടെ ഉള്ള കുട്ടിപ്പട്ടാളങ്ങളെ ഉരുട്ടി ഉരുട്ടി വിളിച്ചിട്ടും അത്താഴത്തിന് എണിക്കാതിരിക്കുമ്പോ എടുക്കുന്ന അവസാനത്തെ അടവാണ് ഉട്ടോബായ് വന്നെന്ന് പറഞ്ഞ് വിളിക്കുന്നത്, ഉട്ടോബായ് വന്നാ അത്താഴത്തിന് എണീക്കണം എന്നാണ്!......അത്താഴം കഴിക്കാണ്ട് നോമ്പ് നോക്കാൻ പാടില്ലാത്രേ.......പേടിച്ചിട്ടാണോ കൊച്ച് മനസ്സിന്റെ വിശ്വാസം കൊണ്ടാണോ എന്തോ ഉട്ടോബായ് വന്നാൽ നമ്മൾ കസിൻ എല്ലാരും ചാടി എണീക്കും........ പിള്ള മനസ്സിൽ കള്ളമില്ലാലോ.....
അത്താഴത്തിന് എണീറ്റാൽ, തൊക്കിലങ്ങാടീലെ ലിഗോഫീസിൽ നിന്ന് ഖുറാൻ ഓതും.....ഒന്നര കിലോമീറ്റർ ചുറ്റളവിൽ പേരിന്റെ അറ്റത്ത് "പട്ടണം" എന്ന് വാലുള്ള കേരളത്തിലെ ഏറ്റം ചെറിയ വളപട്ടണം പഞ്ചായത്തിലെ പൗരന്മാരെല്ലാരും ഈ ഖുറാൻ പാരായണം കോട്ടോണ്ട് അത്താഴം കഴിക്കും...... പത്തലും കറീം, പയറ്റ് കഞ്ഞിയും, നെയ്ച്ചോറും ഒക്കെ ഇണ്ടാവും..... പക്ഷേ ഉമ്മ എന്റെ ഫേവറൈറ്റ് എപ്പളും റെഡിയാക്കും "ചാറ്റിൽട്ടത്" എന്ന് പറയും (നല്ല പോത്ത് കറിയിൽ പത്തല് മുറിച്ചിട്ട് വറുക്കും) ഓഹ്! കൊതിയായിട്ട് പാടില്ല! ഇനി മാട്ടൂലിലെ ഉപ്പാന്റെ വീട്ടിലാണെങ്കിൽ തേങ്ങാ പാലിലെ കുളുത്ത കഞ്ഞീം നല്ല ഒന്നാന്തരം "പോത്ത് വരള" അജറുൽ അസ്വദിനേക്കാളും കറു കറുത്ത കഷ്ണങ്ങൾ തിന്നാലുണ്ടല്ലോ........!!!
ഓത്ത് നിന്നാൽ പിന്നെ സ്റ്റോപ്പ്!!! ഇനി ഒന്നും കഴിക്കാൻ പാടില്ല...സുഭീ ബാങ്ക് കൊടുക്കാനായി എന്ന സിഗ്നലാണത്..... അപ്പോ പാവം ഈ ഖുറാൻ ഓതുന്ന ഉസ്താദ് എങ്ങനായിരിക്കും അത്താഴം കഴിക്കാ?
മഗ്രിബ് ബാങ്ക് സമയാവാനായാൽ കള്ളിക്കത്താൻ മേശയിൽ നമ്മളെല്ലാരും വട്ടത്തിൽ കൂടിയിരിക്കും... ദിക്ര് ചൊല്ലാനും മറ്റും ഉപ്പാപ നേതൃത്വം വഹിക്കും...... കടികളൊക്കെ ടേബിളിൽ നിരന്നു. കായട, ഇറച്ചിയട, കാല്ലുമ്മക്കായ്, കട്ലറ്റ്, ഉണ്ടപുട്ട് ഇതൊക്കെയാണ് പ്രധാനികൾ, പിന്നെ ഭങ്ങിക്ക് ലേശം ഫ്രൂട്ട്സ്, ഈത്തപ്പഴം, ജ്യൂസ്..... മാട്ടൂലിലാണെങ്കിൽ പോളയും കുഞ്ഞിപ്പത്തിരീം ഇണ്ടാവും...... എന്തൊക്കെ ഇണ്ടേലും അന്നും ഇന്നും ഇറച്ചിയടേന്ന് എന്റെ മെയിൻ, പിന്നെ നാരങ്ങ വെള്ളം അത് ഇല്ലാണ്ട് എന്റെ നോമ്പ് മുറിയൂല...... എന്തെല്ലാം തരം കടികളാന്നറിയോ ഈ ഒരു മാസം കൊണ്ട് തിന്ന് തീർക്കാ, ഇതൊക്കെ ആരാണാവോ കണ്ട് പിടിച്ചത്.... ശരിക്കും ഇതൊക്കെ കണ്ടു പിടിച്ച ആൾക്കാരെ പേരെല്ലും സയൻസ് ബുക്കിലൊക്കെ വരേണ്ടതാണ്..... പുട്ട് കണ്ട് പിടിച്ച ആളെ ഒക്കെ സമ്മതിക്കണം എന്തൊക്കെ പരിവാടികളാണ് ഒരു ആവി പറപിച്ച് വേവിക്കുന്ന ആ സാധനം ഇണ്ടാക്കാൻ.
എല്ലാം കഴിഞ്ഞ് ഇഷാ ബാങ്ക് കൊട്ത്താൽ പിന്നെ ഉപ്പാപന്റെ പിന്നാലെ മൊയ്തീൻ പള്ളീലേക്ക് തറാവിക്ക് പോകലാണ്! പോകുന്ന വഴിക്ക് ഓരോ വിരുതന്മാർ ബലൂണിൽ വെള്ളം നിറച്ച് എറിയും..... അത് മേക്ക് തട്ടാണ്ട് ഒഴിഞ്ഞ് മാറുന്നവൻ വീരൻ! നിസ്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പഴും ഒഴിഞ്ഞ് മാറുന്നവൻ വീരനും! ശൂരനും!......വീരശൂര പരാക്രമങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയാലുള്ള കർത്തവ്യം എന്തെന്നാൽ... "മുത്തായം" തീറ്റ തന്നെ സംഭവം.....നോമ്പ് തുറക്കുമ്പോ ബാക്കിവെച്ച സാധനങ്ങളൊക്കെ തിന്നു തീർക്കാ അതന്നെ....നോമ്പില്ലാ നോമ്പ്‌തുറ റിപീറ്റ്! ഇഷാക്ക് മുൻപ് ഒരു റൗണ്ട് സപ്പർ അടിച്ച് മാറിയതാണ് കെട്ടാ!!....
അവസാനത്തെ പത്തായാൽ മുത്തായോം അകത്താക്കീട്ട് ഈത്തിഖാഫ് ഇരിക്കാൻ പോകും..... പള്ളീല് ഫുൾ അമ്മളെ ടീംസായിറ്റ് നിറയും.... സകല ദുൽമും അവിടുണ്ടാവും ഇബാദത്തന്നെ ലക്ഷ്യം.... അവിടുന്നാണ് തസ്ബീഹ് നിസ്കാരം ന്ന് ഒരു സംഭവം പഠിക്കുന്ന്..... പാതിരാ നേരത്ത് ഇബാദത്ത് തലക്ക് പിടിച്ചാൽ ചില ടീംസ് സിയാറത്തൂന്നും പറഞ്ഞ് പള്ളീന്ന് ഇറങ്ങും...... അതിൽ ചെലോര് ടെമ്പോ പിടിച്ച് നിലാ മുറ്റത്തേക്ക് പോകും അവിടെ ഏത് രാത്രി പോയാലും പകലു പോലെ വെളിച്ചം ഇണ്ടാവുത്രെ..... ഞാൻ ചോയ്ച്ച്.... എങ്ങന ആയാലും? കരണ്ട് പോയാലും? ങാ.... "പൂക്ക" (ചന്ദ്രൻ) ഇല്ലെങ്കിലും ? ങാ.. ഇണ്ടാവുമ്ന്ന്.... എപ്പളും പച്ചാ പകല് പോലെ നിലാവ്..... അഡ്വഞ്ചറസ്സിനു പോകാനൊന്നും നമ്മക്ക് പെർമ്മിഷൻ ഇല്ലാത്തോണ്ട് അന്നും ഇന്നും അങ്ങോട്ടേക്ക് പോകാൻ പറ്റിയില്ല...... നമ്മളെ ചുറ്റോട്ടത്തന്നെ എന്തെല്ലാം കറമാത്തിണ്ടീന്ന് വെചിറ്റാ....
ഈ ചെറിയ നാട്ടില് എന്തോരം പള്ളിയിണ്ടെന്നറിയോ? ഒരു പത്ത് നാപ്പതെണ്ണം ഇണ്ടാവും, പോരാത്തെയ്ന് ഒരോ പള്ളിക്കും സ്വന്തമായി മിനിമം രണ്ട് അയുലിയാക്കളെങ്കിലും ഇണ്ടാവും....... മൊയ്തീൻ പള്ളീന്ന് ഇറങ്ങീറ്റ് മാർക്കറ്റ് റോഡിലെ നടന്നാൽ ജുമാത്ത് പള്ളി എത്തുന്നേയ്ന് മുന്നേ രണ്ട്മൂന്ന് പള്ളി... ജുമാത്ത് പള്ളീന്റെ പടികേറുമ്പോ എടത്ത് ഭാഗത്തൊരു പള്ളി ങാ അവിടേന്ന് മുന്തിരി വള്ളികളുള്ള പള്ളി.... പടി കയറിക്കഴിഞ്ഞാ ബലത്ത് ഭാഗത്തൊരു പള്ളി... ജുമാത്ത് പള്ളി കഴിഞ്ഞ് ബാക്കിലോട്ട് നടന്നാ എടത്തും ബലത്തും പള്ളി അങ്ങനെ ചറ പറാ പള്ളികൾ.... ഈട്ത്തെ ചരിത്രം പഠിക്കുന്നോർക്ക് ദൃഷ്ടാന്തങ്ങളുണ്ട്.....
എല്ലാ റമളാൻ മാസത്തിലും മായ്ചാൻ കുന്നിലെ കുൻത്ത് പള്ളീലെ ഏതെങ്കിലും ഒരു മുത്തഅല്ലിന്റെ മേത്ത് ജിന്ന് കേറും, കേറിയാ പിന്നെ ചങ്ങായി മുടിഞ്ഞ അറബിയായിരിക്കും സംസാരിക്കാ....ഈനും മാത്രം അറബി ജിന്നേട്ന്നാപ്പാ നമ്മളെ നാട്ടില്... അത് പോലന്നെ മഴക്കാലായാൽ കക്കളങ്ങര പള്ളീലെ കുളത്തില് വെള്ളിഴായ്ച നട്ടുച്ച ജുമാന്റെ നേരത്ത് സ്വർണ്ണ കൈ പൊങ്ങും പോലും.....അത് കണ്ടവരെ ആരേം ഇന്നേവരെ ആരും കണ്ടില്ല... എങ്ങനെ കാണാനാണ് അന്നേരം കുളത്തിലിണ്ടായിനെങ്ക്ല് അവരെ ഈ സ്വർണ്ണ കൈ മുക്കി കൊല്ലും പോലും.... അല്ലെങ്കിൽ തന്നെ ഇത് കാണാൻ ജുമാന്റെ ടൈമില് ആരാന്ന് അങ്ങോട്ട് പോകുന്ന് ജുമാത്ത് പള്ളീലല്ലെ പോണ്ടെ.....കക്കളങ്ങര പള്ളീലാന്നെങ്കി ജുമാ നിസ്കാരോം ഇല്ല....എങ്ങനിരിക്കണ്!
പിള്ള മനസ്സ് വളർന്ന് വലുതായി കള്ള മനസ്സും കൂടി ചേർന്ന കാലത്താണ് ചില സത്യങ്ങള് മനസ്സിലായെ.... ലീഗാഫീസില് ഇരുന്ന് ഓതുന്നത് നമ്മിളീട്ത്തെ ഉസ്താദല്ല!!! അങ്ങ് സവൂദി അറേബ്യയിലെ ഏതോ ഉസ്താദ് ഓതി റെക്കോർഡാക്കി കൊട്ത്തയച്ച കേസറ്റിട്ട് കേട്ടോണ്ടാണ് നമ്മളും നമ്മടെ ഉസ്താദും അത്താഴം മുണുങ്ങുന്ന്!! പിന്നെ ഇബാദത്ത് ചെയ്യാൻ ഈത്തിഖാഫ് ഇരിക്കുന്ന ചില സാമൂഹ്യ സേവന മൈന്റോളികള് അത്താഴത്തിന്റെ സമയായാൽ ദഫ്ഫും മുട്ടിയിട്ട് ഓരോ വീട്ടിലും കേറിയിറങ്ങും....... ഉഠോ ഭായ് ഉഠോ..... ഉഠോ ഭായ് ഉഠോ....എന്നും പറഞ്ഞ് എല്ലാരേം അത്താഴത്തിന് വിളിച്ച് എണീപ്പിക്കലാണ്, അന്ന് അന്യദേശ തൊഴിലാളികളൊന്നും ഇല്ലാത്തോണ്ട് നാട്ടാരുടേം വീട്ടാരുടേം ഹിന്ദിയിലുള്ള പ്രാവീണ്യമാണ് നമ്മടെ "ഉട്ടോബായ്".
- നിങ്ങടെ സ്വന്തം സജാ ബാച്ചി